ആത്മനിര്‍ഭരതയിലും ആയുധങ്ങള്‍ക്ക് ശരണം വിദേശ രാജ്യങ്ങള്‍
ആഗോള തലത്തില്‍ ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി ഇന്ത്യ 2022 ലും തുടര്‍ന്നു. 2018-22 കാലഘട്ടത്തില്‍, ലോകത്തെ ആയുധ ഇറക്കുമതിയുടെ 11 ശതമാനവും ഇന്ത്യയിലേക്കാണെന്ന് വ്യക്തമാക്കുകയാണ് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട റിപ്പോര്‍ട്ട്. സൗദി അറേബ്യ, ഖത്തര്‍, ഓസ്‌റ്റ്രേലിയ, ചൈന എന്നീ രാജ്യങ്ങളാണ് ആയുധ ഇറക്കുമതിയില്‍ ഇന്ത്യക്ക് പിന്നിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും മുന്നോട്ടുവെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധ മേഖലയില്‍ വേണ്ടത്ര ഫലം കണ്ടു തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല ആയുധം കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതിയും എങ്ങും എത്തിയിട്ടില്ല. 2022 ല്‍ പ്രസിദ്ധീകരിച്ച സിപ്രി റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ ആയുധ കയറ്റുമതി 0.2% ആയി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തവണ, കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, 2013-22 കാലഘട്ടത്തില്‍ റഷ്യയില്‍ നിന്നുള്ള ആയുധം വാങ്ങല്‍ 64 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി കുറഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ആയുധ-അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വേണ്ടത്ര ആവശ്യക്കാരില്ലാത്തതാണ് കയറ്റുമതി നേരിടുന്ന പ്രശ്‌നം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് നിര്‍മ്മിക്കുന്ന ധ്രുവ് അഡ്വാന്‍സ്ഡ ലൈറ്റ് ഹെലികോപ്റ്ററുകള്‍ കയറ്റി അയച്ചിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അവയില്‍ പലതും അപകടങ്ങളില്‍ പെട്ടു. നിലവില്‍ 300 ഹെലികോപ്റ്ററുകളെ HAL തിരിച്ചു വിളിച്ചിരിക്കുകയാണ്. ഇറക്കുമതി ചെയ്ത ഹെലികോപ്റ്ററുകള്‍ തകര്‍ന്നതോടെ കൂടുതല്‍ വാങ്ങാനുള്ള കരാര്‍ ഇക്വഡോര്‍ റദ്ദാക്കിയിരുന്നു. ഒരു ധ്രുവ് ഹെലികോപ്റ്റര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ അപകടത്തില്‍ പെടുകയുമുണ്ടായി. എന്നാല്‍, ആളപായമുണ്ടായില്ല.
വരുന്ന വര്‍ഷങ്ങളിലും ഇന്ത്യ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായിത്തന്നെ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യോമസേനയ്ക്കായി 114 ഉം, പുതുതായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിനായി 26 ഉം പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി ഏകദേശം 45 ബില്യണ്‍ ഡോളര്‍ ചെലവാക്കേണ്ടതായി വരും. ഇതിനുപുറമെ രണ്ടു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണുകളും ആവശ്യമായി വരും. ആത്മനിര്‍ഭര്‍ മുദ്രാവാക്യം മുഴങ്ങുമ്പോഴും പ്രതിരോധ മേഖലയില്‍ വിദേശ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.